എഥനോൾ ഇന്ത്യയിലെ കുടുംബങ്ങളുടെ അടുക്കളയിലേക്കും എത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഇപ്പോൾ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിനു പകരം "എഥനോൾ ഗ്യാസ്' കൊണ്ടുവരാനാണ് ശ്രമം. എൽപിജിക്കൊപ്പം എഥനോളിനെ കൂടി പാചക വാതകമാക്കി ഉപയോഗിക്കാവുന്ന തരത്തിൽ നയരൂപീകരണത്തിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുക്കം തുടങ്ങി.
സെപ്റ്റംബറോടെ ഇതുസംബന്ധിച്ച നയം പുറത്തിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സബ്സിഡിയും ആദ്യഘട്ടത്തിൽ നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സാമ്പത്തിക സഹായം നൽകാനും ആലോചനയുണ്ടെന്നാണ് വിവരം. ഇതിനൊപ്പം ഉപഭോക്താക്കൾക്ക് കന്നാസുകളിൽ എഥനോൾ വാങ്ങാൻ കഴിയുന്ന എഥനോൾ എടിഎമ്മുകളും തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ആവശ്യമായ എൽപിജിയുടെ 90 ശതമാനം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചക വാതക വരവ് നിലച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ബുക്കിങ് ഇടവേള കൂട്ടിയുമാണ് കേന്ദ്രം ഇതിനെ നേരിട്ടത്.