Drisya TV | Malayalam News

ഏഷ്യയിലെ അതിസമ്പന്നരിൽ രണ്ടാമനായി ചൈനീസ് വ്യവസായി

 Web Desk    3 Jun 2026

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം കൈവരിച്ച് ചൈനീസ് വ്യവസായിയും ബൈറ്റ്ഡാൻസ് സ്ഥാപകനുമായ ഷാങ് യീമിങ്. ഇന്ത്യൻ ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയെ മറികടന്നാണ് യീമിങ് ഈ നേട്ടം കൈവരിച്ചത്.ചൈനീസ് സംരംഭകനും പ്രശസ്ത ടെക് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകനുമായ ഷാങ് യീമിങ് ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 92.8 ബില്യൺ ഡോളറാണ് ഷാങ് യീമിങ്ങിന്റെ നിലവിലെ ആസ്തി. ഇതോടെ അദ്ദേഹം ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായും മാറി.

പട്ടികയിൽ ഷാങ് യീമിങ് മുന്നേറിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (86.9 ബില്യൺ ഡോളർ ആസ്തി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 117.4 ബില്യൺ ഡോളർ ആസ്തിയുള്ള ഗൗതം അദാനി തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടരുന്നത്.

ആഗോളതലത്തിൽ ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ വൻവിജയത്തെ തുടർന്ന് ബൈറ്റ്ഡാൻസിൻ്റെ മൂല്യം ഉയർന്നതാണ് ഷാങ് യീമിങ്ങിന്റെ സമ്പത്ത് കുതിച്ചുയരാൻ പ്രധാന കാരണം. നിർമിതബുദ്ധി രംഗത്ത് നിക്ഷേപം വർധിച്ചതും കമ്പനിക്ക് നേട്ടമായി. കമ്പനിയുടെ എഐ ചാറ്റ്ബോട്ടായ 'ഡൗബാവോ' (Doubao) 30 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളോടെ ചൈനയിലെ ഏറ്റവും ജനപ്രിയ എഐ ചാറ്റ്ബോട്ടായി മാറിയിരിക്കുകയാണ്. ഇത് കൂടാതെ നിർമിതബുദ്ധി രംഗത്ത് വലിയ നിക്ഷേപത്തിനാണ് ബൈറ്റ്ഡാൻസ് ഒരുങ്ങുന്നത്.യുഎസ് ടെക് കമ്പനികളോട് മത്സരിക്കുന്നതിനായി ഈ വർഷം 70 ബില്യൺ ഡോളർ വരെ എഐ മേഖലയിൽ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

  • Share This Article
Drisya TV | Malayalam News