Drisya TV | Malayalam News

കുവൈത്തിൽ വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

 Web Desk    3 Jun 2026

കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഡ്രോൺ ആക്രമണവുമായി ഇറാൻ. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് തുറന്നു. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ലാൻ‌ഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 1 ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ എത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽ അസീസ് അൽ-അത്വാൻ പറഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. സായുധ സേന, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിനു നേരെ തൊടുത്ത രണ്ട് ഇറാനിയൻ മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് തകരുകയോ തെന്നിമാറുകയോ ചെയ്തു. ബഹ്റൈനു നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേന ഉടൻ തന്നെ വെടിവച്ചിട്ടു. ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. ഇതിനുപുറമേ, രാജ്യാന്തര ജലാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവച്ചിട്ടതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാനിലെസൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു യുഎസ് ആക്രമണം. യുഎസ് ആക്രമണത്തിന് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ അവകാശവാദം പൂർണമായും വ്യാജമാണെന്ന് എക്‌സിലൂടെ വ്യക്തമാക്കിയ സെൻട്രൽ കമാൻഡ്, അമേരിക്കൻ സൈന്യത്തിനു നേരെയുള്ള ഇറാന്റെ എല്ലാ ആക്രമണങ്ങളും പരാജയപ്പെട്ടുവെന്ന് അറിയിച്ചു.

ഏപ്രിൽ 8 മുതൽ യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സ്ഥിരമായ സമാധാന ചർച്ചകൾ ഇതുവരെ വിജയം കണ്ടിട്ടില്ല. ലബനനിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ യുഎസ്-ഇറാൻ വെടിനിർത്തൽ തകരാൻ കാരണമാകുമെന്ന് ഇറാൻ കഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

  • Share This Article
Drisya TV | Malayalam News