Drisya TV | Malayalam News

താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

 Web Desk    3 Jun 2026

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സി കെ കാസിം എം ൽ എ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News