15 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തുകളിൽനിന്ന് പിൻവലിക്കണമെന്ന തീരുമാനത്തിൽ കേന്ദ്രസർക്കാർ ഉറച്ച നിലപാടെടുത്തത് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. നിരത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ 1,117 ബസുകളും കാലാവധി കഴിഞ്ഞതായതിനാലാണ് വിഷയം കൂടുതൽ ഗുരുതരമാകുന്നത്. കെ.എസ്.ആർ.ടി.സിയുടെ 20 വർഷത്തോളം പഴക്കമുള്ള ബസുകൾ വരെ ഇപ്രകാരം സർവിസ് നടത്തുന്നുണ്ട്.സർക്കാരിൻ്റ വിവിധ വകുപ്പുകളിൽ ഓടുന്ന വാഹനങ്ങളിലും ഇപ്രകാരം കാലാവധി കഴിഞ്ഞതുണ്ട്. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിച്ചുമാറ്റണം എന്നതാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമം. എന്നാൽ, ഈ നിയമത്തിൽ കേരളത്തിന് ഇളവ് തരണമെന്നും ഇത്രയും വാഹനങ്ങൾ പിൻവലിച്ചാൽ സംസ്ഥാനത്തിന്റെ സർക്കാർ പൊതുഗതാഗത സംവിധാനം താറുമാറാകുമെന്നും കാണിച്ച് കഴിഞ്ഞ സംസ്ഥാന സർക്കാർ കേന്ദ്രത്തെസമീപിച്ചതിനെ തുടർന്നാണ് 15 വർഷം എന്ന കാലാവധി അഞ്ച് വർഷം കൂടികൂട്ടി നൽകിയത്.
ഇതനുസരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് റദ്ദാക്കാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന സെപ്റ്റംബറിൽ ഈ ഉത്തരവിന്റെ കാലാവധി കഴിയുന്നതിനാൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് വീണ്ടും ഇളവ് തേടാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം.