Drisya TV | Malayalam News

സോളാർ വൈദ്യുതിനിലയങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ നിയന്ത്രണം

 Web Desk    19 Mar 2026

അഞ്ചുകിലോവാട്ടിനുമുകളിൽ സ്ഥാപിതശേഷിയുള്ള സോളാർ വൈദ്യുതിനിലയങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ നിയന്ത്രണം നിർദേശിച്ച് കേന്ദ്രവും.ഈ നിലയങ്ങൾ നിലവിലുള്ള ലാഭകരമായ നെറ്റ് മീറ്ററിങ്ങിൽ തുടരണമെങ്കിൽ പ്രത്യേക നെറ്റ് മീറ്ററിങ് ചാർജ് നൽകണമെന്നാണ് കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ച ഉപഭോക്തൃ അവകാശം സംബന്ധിച്ച പുതിയ കരടുചട്ടത്തിൽ പറയുന്നത്. 500 കിലോവാട്ടിനുമുകളിൽ ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കിയാൽമതിയെന്നും കേന്ദ്രം നിർദേശിക്കുന്നു.

കേരളത്തിൽ 10 കിലോവാട്ടിന് മുകളിലുള്ളവർക്കാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വീടുകളിൽ 10 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് തുടരാം. അതിനുമുകളിൽ ബാറ്ററി സ്റ്റോറേജ് വേണം. 10 കിലോവാട്ടുവരെ ഗ്രിഡ് സപ്പോർട്ട് ചാർജും ബാധകമല്ല. എന്നാൽ, റെഗുലേറ്ററി കമ്മിഷൻ ചട്ടം വലിയ എതിർപ്പിന് കാരണമായിരുന്നു. ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്.

നെറ്റ് മീറ്ററിങ്ങിന് പരിധി നിശ്ചയിച്ച് ചട്ടമുണ്ടാക്കാൻ സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അങ്ങനെ പരിധിനിശ്ചയിച്ചില്ലെങ്കിൽ 500 കിലോവാട്ടുവരെ ശേഷിയുള്ള നിലയങ്ങൾക്ക് നെറ്റ് മീറ്ററിങ് തുടരാം. അഞ്ചുകിലോവാട്ടിന് മുകളിലുള്ളവർ ഇതിനായി പ്രത്യേക ചാർജ് നൽകാൻ തയ്യാറാകണം. സ്റ്റോറേജിനുംമറ്റുമുള്ള ചെലവ് കണക്കാക്കി ഈ ചാർജ് കമ്മിഷന് നിശ്ചയിക്കാം.

കേന്ദ്രചട്ടം നടപ്പായാൽ അഞ്ചുകിലോവാട്ടിന് മുകളിലുള്ള ഗാർഹിക പുരപ്പുറ സോളാർ നിലയങ്ങൾക്കും ഇപ്പോൾ നൽകുന്നതിനെക്കാൾ കൂടുതൽ പണം നൽകേണ്ടിവരും.സോളാർനിലയത്തിൽനിന്ന് പകൽ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക്‌ ഒഴുക്കുന്ന അധികവൈദ്യുതി, സോളാർ ഉത്പാദനമില്ലാത്ത മറ്റ് സമയങ്ങളിലെ ഉപയോഗത്തിൽനിന്ന് തട്ടിക്കിഴിക്കുന്നതാണ് നെറ്റ് മീറ്ററിങ്. സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ചട്ടപ്രകാരം വീടുകളിൽ 20 കിലോവാട്ട് വരെയും വ്യവസായങ്ങൾക്ക് 500 കിലോവാട്ടുവരെയും നെറ്റ് മീറ്ററിങ് അനുവദിക്കും.

എന്നാൽ, വീടുകളിൽ 10 കിലോവാട്ടിന് മുകളിൽ നിയന്ത്രണമുണ്ട്. 10 മുതൽ 15 കിലോവാട്ടുവരെ 10 ശതമാനവും 15 മുതൽ 20 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം. വ്യവസായങ്ങൾക്കാണെങ്കിൽ 25 കിലോവാട്ടിനുമുകളിൽ 100 വരെ 10 ശതമാനവും 100 മുതൽ 500 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം.

  • Share This Article
Drisya TV | Malayalam News