Drisya TV | Malayalam News

ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ട്രംപ്

 Web Desk    6 Mar 2026

ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇത് (ഇറാൻ യുദ്ധം) ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്നം മാത്രമായിരിക്കും' ട്രംപ് പറഞ്ഞു.മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോടാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്‌താവന. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്.

യുഎസും ഇസ്രായേലി സൈന്യവും 'ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്' തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ 'അതിശയകരമായ പ്രവർത്തിക്കുന്നു' എന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ സൈനിക ശേഷി വളരെയധികം തകർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, ഇറാൻ്റെ നാവികസേന നശിപ്പിക്കപ്പെട്ടു' ട്രംപ് പറഞ്ഞു. യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി എന്നും ട്രംപ് കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News