ഐസിസി ടി20 ലോകകപ്പ് 2026-ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ. സെമി ഫൈനൽ ഉറപ്പിക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ 40-ാം സ്ഥാനത്തെത്തി.മാർച്ച് 4-ന് ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം സഞ്ജുവിന് തൊട്ടുമുന്നിലായി വെസ്റ്റ് ഇൻഡീസിന്റെ റോവ്‌മാൻ പവൽ, ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്സ്, പാകിസ്ഥാന്റെ ബാബർ അസം എന്നിവരാണുള്ളത്. മോശം ഫോമിലൂടെ കടന്നുപോകുകയാണെങ്കിലും ഇന്ത്യൻ താരം അഭിഷേക് ശർമ്മ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാൻ രണ്ടാമതും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് മൂന്നാമതുമാണ്.