Drisya TV | Malayalam News

കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും

 Web Desk    3 Mar 2026

സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും. ഇന്നു ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവിസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ശൈലജയെ മൽസരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു, അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവു നൽകാമെന്ന തീരുമാനവുമുണ്ടായി. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചതായി വിവരമുണ്ടായിരുന്നു.

5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്.

  • Share This Article
Drisya TV | Malayalam News