ഗോധ്ര ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. 2002 ലെ കേസിൽ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഇർഫാൻ സിറാജ് പാഡയുടെ ശിക്ഷയാണ് കോടതി ഇളവ് ചെയ്ത് ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് നടപടി. ഗുരുതര ഹൃദ്രോഗം ബാധിച്ച പാഡ ഇതിനകം 17 വർഷം തടവു ശിക്ഷ അനുഭവിച്ചതായി ജസ്റ്റിസുമാരായ എം.എം.സുന്ദരേശ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പ്രതി ചെയ്ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതാണെന്നും ജയിലിലും പ്രതി നല്ല നടപ്പുകാരനല്ലായിരുന്നെന്നും ജാമ്യത്തെ എതിർത്ത് ഗുജറാത്ത് സർക്കാർ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പാഡയാണ് കോടതിയെ സമീപിച്ചത്. ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് പ്രതി അപേക്ഷിച്ചിട്ടുള്ളതെന്നും ഇക്കാര്യം സംസ്ഥാന സർക്കാരും ശരിവയ്ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2002 ഫെബ്രുവരി 27 ലാണ് അയോധ്യയിൽനിന്നു വരികയായിരുന്ന സബർമതി എക്സ്പ്രസിന്റെ എസ്–6 കോച്ചിന് തീയിട്ട സംഭവമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 59 പേർ കൊല്ലപ്പെട്ടു. ഈ സംഭവമാണ് ഗുജറാത്ത് കലാപത്തിന് ഹേതുവായത്. 2011 മാർച്ചിൽ 31 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. ഇതിൽ 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 20 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു.