എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ സമർപ്പണത്തിനിടെ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ കേസിൽ കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണുമടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.വൈസ് ചെയർപേഴ്സൺ വയനാട് മാനന്തവാടി സ്വദേശി നഫീസത്തുൾ മിസ്രിയ (20), യൂണിയൻ ചെയർമാൻ പാലക്കാട് പട്ടാമ്പി സ്വദേശി വി. പ്രണീൽരാജ് (20), എസ്.എഫ്.ഐ. പ്രവർത്തകരായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് അഫ്രീദ് (24), ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോയൽ ബാബു (24), കണ്ണൂർ കാവുങ്കൽ സ്വദേശി അഥീന അശോകൻ (21), മലപ്പുറം വളാഞ്ചേരി സ്വദേശി ബിജോ ബാലകൃഷ്ണൻ (20)എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ, മഹാരാജാസ് കോളേജ് എസ്.എഫ്.ഐ. മുൻ ഭാരവാഹി എറണാകുളം കടവന്ത്ര സ്വദേശി എസ്. സുനിൽ (22), കൊല്ലം സ്വദേശി എസ്.എഫ്.ഐ. പ്രവർത്തകൻ ആദിൽ എന്നിവർ അറസ്റ്റിലായിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി എല്ലാവരെയും പോലീസ് വിട്ടയച്ചു.