മക്കയിലെ ക്ലോക്ക് ടവർ മ്യൂസിയം ലോകത്തിലെ ഏറ്റവും ഉയരമുള്ള ബിൽഡിങ് മ്യൂസിയം എന്ന റെക്കോർഡോടെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി.426.9 മീറ്റർ ഉയരത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമെ, ടവറിലെ ഔട്ട്ഡോർ വ്യൂവിങ് പ്ലാറ്റ്ഫോം 560.9 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ വേദിയെന്ന മറ്റൊരു റെക്കോർഡും സ്വന്തമാക്കി.
മക്ക ക്ലോക്ക് ടവറിന് ഗിന്നസ് റെക്കോർഡിന്റെ രണ്ട് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ടവറിലെ പ്രപഞ്ചശാസ്ത്ര-ചന്ദ്രനിരീക്ഷണ കേന്ദ്രവും മക്ക റോയൽ കമ്മീഷനും വ്യക്തമാക്കി. ഈ ഇരട്ട നേട്ടങ്ങൾ കേന്ദ്രത്തിന്റെ വാസ്തുവിദ്യാ-ശാസ്ത്രപരമായ മികവിനെയും, സന്ദർശകർക്ക് നൽകുന്ന വിജ്ഞാനപ്രദമായ ടൂറിസം അനുഭവത്തെയും എടുത്തുകാണിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.മക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര-വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ് ക്ലോക്ക് ടവറിലെ പ്രപഞ്ചശാസ്ത്ര-ചന്ദ്രനിരീക്ഷണ കേന്ദ്രം. ജ്യോതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ചന്ദ്രക്കല നിരീക്ഷണ സാങ്കേതികവിദ്യകൾ, സമയനിർണയം എന്നിവയെല്ലാം സംയോജിപ്പിക്കുന്ന ഈ കേന്ദ്രം, ജ്യോതിശാസ്ത്രത്തിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും പരിണാമത്തെക്കുറിച്ച് അറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു.