Drisya TV | Malayalam News

കെ.എസ്.ആർ.ടി.സിബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ വെർച്വൽ ക്യൂ സ്ലിപ് കാണിക്കണം

 Web Desk    15 Nov 2026

കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കേണ്ടിവരും. ഇല്ലാത്തവർക്ക് നിലയ്ക്കൽവരെ മാത്രമേ ടിക്കറ്റ് നൽകൂ. നിലയ്ക്കലിലെ കൗണ്ടറിൽനിന്ന് വെർച്വൽ ക്യൂ സ്പോട്ട് ബുക്കിങ് നടത്താം. പമ്പയിൽ ഇത്തവണ സ്പോട്ട് ബുക്കിങ് ഇല്ലാത്തതിനാലാണ് നിലയ്ക്കൽവരെ മാത്രം ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്.

വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ പമ്പയിലെത്തുന്നവർക്ക് നിലയ്ക്കലിലേക്ക് തിരികെപ്പോയി സ്പോട്ട് ബുക്കിങ് ചെയ്യേണ്ടിവരും. ഈ ആശയക്കുഴപ്പവും ഇതുവഴിയുണ്ടാകുന്ന തർക്കങ്ങളും ഒഴിവാക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ഈ നിർദേശം മുന്നോട്ടുെവച്ചത്. കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം ഇതംഗീകരിച്ചു. പമ്പയിലും സന്നിധാനത്തും കാനനപാതയിലും വിവിധ സർക്കാർ വകുപ്പുകളിലെ ഡ്യൂട്ടിക്ക് പോകുന്നവരും താത്‌കാലിക ജോലിക്ക് പോകുന്നവരും പമ്പവരെയുള്ള ടിക്കറ്റ് കിട്ടാൻ അവരവരുടെ ഐ.ഡി.കാർഡുകളോ രേഖകളോ കാണിക്കേണ്ടിവരും. ഇക്കാര്യം കർശനമായി പാലിക്കണമെന്നുകാട്ടി പത്തനംതിട്ട ജില്ലാ ഭരണകൂടം കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് കത്തുനൽകും.

നടതുറക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നുമുൻപ്‌ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിനുള്ള ബസ് സർവീസുകൾ അനുവദിക്കരുതെന്നും പോലീസ് കെ.എസ്.ആർ.ടി.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്തിന് മുമ്പുള്ള യാത്രയ്ക്കായി നിലയ്ക്കൽ വരെയുള്ള ടിക്കറ്റുകൾ മാത്രമേ അനുവദിക്കാവൂയെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ നിയന്ത്രണം സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നൽകുകയും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെർച്വൽ ബുക്കിങ്ങിന്റെ ഔദ്യോഗിക പോർട്ടലായ ‘ശബരിമല ഓൺലൈൻ’ വഴി സൗജന്യമായി ദർശന സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് ലഭിക്കാത്തവർക്കായി നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കും. പ്രതിദിനം നിലയ്ക്കലിൽ 10,000 പേർക്കും മറ്റു രണ്ടിടങ്ങളിൽ 2,000 വീതം പേർക്കുമാണ് സ്പോട്ട് ബുക്കിങ്‌ സൗകര്യം.

  • Share This Article
Drisya TV | Malayalam News