Drisya TV | Malayalam News

സ്വാമി പ്രസാദവും അരവണ പായസവും സ്പീഡ് പോസ്റ്റ് പാഴ്സലായി ഇനി രാജ്യത്തെവിടെയും അയക്കാം 

 Web Desk    14 Nov 2026

ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്സൽ ബുക്കിംഗ് സൗകര്യവും ഒരുക്കുന്നതിനായി ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കരാറിൽ ഏർപ്പെട്ടു. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാഴ്സലായി രാജ്യത്തെവിടെയും അയയ്ക്കാൻ സാധിക്കും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.സന്നിധാനത്ത് ദേവസ്വത്തിൻ്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമേ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്‌പീഡ് പോസ്റ്റ് പാഴ്സലായി ബുക്ക് ചെയ്യാം. തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവിൽ പ്രസാദവും അരവണയും ബുക്ക് ചെയ്‌് സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഈ സംവിധാനം ഭക്തർക്ക് സഹായകരമാകും.ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുന്നതിനൊപ്പം അടുത്ത ആഴ്ച പ്രത്യേക പാഴ്സൽ ബുക്കിംഗ് കേന്ദ്രവും പ്രവർത്തനമാരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ അമിതാഭ് സിംഗ് എന്നിവർ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News