കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും ബിഗ് സ്ക്രീനിലേക്ക്. സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തെ ആസ്പദമാക്കി തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിങ് പ്രസിഡന്റ് ജഗ്ഗ റെഡ്‌ഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ നിർമാണത്തിനായി പാർട്ടി പ്രവർത്തകരിൽ നിന്ന് അദ്ദേഹം സാമ്പത്തിക സഹായം അഭ്യർഥിച്ചു. സംഗറെഡ്‌ഡി മണ്ഡലം കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയുലു ചിത്രത്തിനായി രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സിനിമയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 50 അംഗ സമിതി രൂപീകരിക്കാൻ ജഗ്ഗ റെഡ്ഡി നിർദേശിച്ചു. ഗാന്ധിഭവൻ പബ്ലിക് റിലേഷൻസ് ഓഫിസർ ഹരിപ്രസാദ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തിരഞ്ഞെടുപ്പുകൾക്കായി പണം ചെലവഴിക്കുന്നത് പോലെ ഇതിനെയും കാണണമെന്നും, മികച്ചൊരു സംവിധായകനെ കണ്ടെത്തി ബജറ്റ് സമാഹരിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയായ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയെയും ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.