നന്നായി ഉറങ്ങിയാൽ നല്ല ആരോഗ്യം മാത്രമല്ല, ലക്ഷങ്ങൾ സമ്മാനമായും കിട്ടുമെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ സ്വദേശിനി ജിനിയ ചാറ്റർജി. വേക്ക്ഫിറ്റ് സംഘടിപ്പിച്ച അഞ്ചാം സീസൺ സ്ലീപ്പ് ഇന്റേൺഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ജിനിയ 9.6 ലക്ഷം രൂപയും സ്പോൺസേർഡ് വെക്കേഷനുമാണ് സ്വന്തമാക്കിയത്.രണ്ട് ലക്ഷത്തിലധികം പേരാണ് ഈ ഇന്റേൺഷിപ്പിന് അപേക്ഷിച്ചത്, പക്ഷേ വെറും 10 പേർ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് മാസം നീണ്ട മത്സരത്തിൽ സമയത്ത് ഉറങ്ങുക മാത്രമായിരുന്നില്ല ചെയ്യേണ്ടത്. ചിട്ടയായ ദിനചര്യ പാലിക്കുകയും എല്ലാ ആഴ്ചയും നൽകുന്ന ടാസ്കുകൾ പൂർത്തിയാക്കുകയും വേണമായിരുന്നു. എല്ലാ ദിവസത്തെയും ഉറക്കം വിലയിരുത്തി സ്കോർ നൽകിയിരുന്നു. ലീഡർബോർഡിൽ മുന്നിലെത്താനുള്ള പോരാട്ടമായിരുന്നു അത്.
ഉറങ്ങിയാൽ മാത്രം ജയിക്കാൻ പറ്റില്ലെന്നതായിരുന്നു മത്സരത്തിന്റെ കൗതുകം. ബുദ്ധിയും ക്രിയേറ്റിവിറ്റിയും പരീക്ഷിക്കുന്ന മത്സരപരിപാടികളും എല്ലാ ആഴ്ചയും ഉണ്ടായിരുന്നു. പ്രശസ്ത സിനിമാ രംഗങ്ങൾ ഉറക്കവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുക, ഒരാഴ്ചത്തെ ഉറക്കശീലം സ്വയം വിലയിരുത്തുക തുടങ്ങിയവയായിരുന്നു ചില ടാസ്കുകൾ. ആരും ശ്രദ്ധിക്കാതെ സംസാരത്തിനിടയിൽ `ബ്ലാങ്കറ്റ്' അല്ലെങ്കിൽ `പില്ലോ' എന്ന വാക്ക് പത്ത് തവണ പറയേണ്ട രഹസ്യ ദൗത്യവും ഏറെ ശ്രദ്ധ നേടി. ഓരോ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവെച്ചയാളെ പ്രോ സ്ലീപ്പർ ഓഫ് ദി വീക്കായി തെരഞ്ഞെടുത്തു.
രണ്ട് മാസത്തിനൊടുവിൽ മുന്നിലെത്തിയത് രത്നഗിരി മണികണ്ഠൻ, ജിനിയ ചാറ്റർജി, മെഹക് ഖോട്ട് എന്നിവരാണ്. ആഴ്ചതോറുമുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ ജയിച്ച ഹൈദരാബാദ് സ്വദേശി കരീം ഖാൻ വൈൽഡ് കാർഡിലൂടെ ഫൈനലിലേക്ക് തിരിച്ചെത്തി. ഇതോടെ ബിഗ് ബെഡ്ഡ് എന്ന ഗ്രാൻഡ് ഫിനാലെയിൽ നാല് പേരായി.ഫിനാലെ വെറുമൊരു ഉറക്കമത്സരമായിരുന്നില്ല, ഒരു റിയാലിറ്റി ഷോ പോലെയായിരുന്നു. ചിത്രം കണ്ട് അതേപോലെ ബെഡ്റൂം ഒരുക്കുന്ന മെമ്മറി ടെസ്റ്റും ഉറക്കത്തിന് ആവശ്യമായ തലയിണ, പുതപ്പ്, വെളിച്ചം, ശബ്ദം തുടങ്ങിയവക്കായി ലേലം വിളിക്കുന്ന മത്സരവുമുണ്ടായിരുന്നു. അവതാരകൻ അനുജ് ഗുപ്തയുടെ റാപ്പ് ലള്ളബൈ ഫിനാലെയുടെ പ്രധാന ആകർഷണമായി.എല്ലാ ടാസ്കുകളും കഴിഞ്ഞ് അവസാന രാത്രി നാല് പേരും ഉറങ്ങി. ആ ഒരൊറ്റ രാത്രിയിലെ ഉറക്ക സ്കോറാണ് ആരാണ് വിജയി എന്ന് തീരുമാനിച്ചത്. ഒടുവിൽ ജിനിയ ഒന്നാമതെത്തി.