എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുമ്പ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവുവിൽ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട്ട് നൽകിയത്. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടിൽ പറയുന്നു.
എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കൈക്കൂലി ആരോപണങ്ങളാണ് ഉള്ളത്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെ ആണ് കണ്ടെത്തൽ. എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിക്കുകയും ചെയ്തു. ഗംഗാബാറിൽ നിന്നും 50,000 രൂപ കൈപ്പറ്റി.
അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ ബാർ ഉടമയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീൽഡ് ചുമതലകളിൽ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാം സാംബശിവ റാവു പറയുന്നു. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിൽ ഉണ്ട്.