ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ജഡ്‌ജി പോലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു.വ്യാഴാഴ്ച രാവിലെ ജഡ്ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായക ചോദ്യങ്ങൾ. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അപേക്ഷകൻ നിലവിൽ സേവനത്തിലുള്ള ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.പിന്നാലെയാണ്, തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ അപേക്ഷകനെ പോലീസ് അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് കോടതി ഉത്തരവിട്ടത്.
'അദ്ദേഹത്തെ നാല് മണിക്കൂർ ചോദ്യം ചെയ്യേണ്ടി വന്നതെന്തിനാണ്? ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെന്താണ്? അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടത് എന്തിനാണ്? അദ്ദേഹം ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ്. അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊള്ളും.' ജസ്റ്റിസ് എടപ്പഗത്ത് പറഞ്ഞു.അതേസമയം, ജഡ്‌ജി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതും, ആവശ്യമായി വരുന്ന പക്ഷം പിന്നീട് വിളിക്കുമ്പോൾ വീണ്ടും ഹാജരാകേണ്ടതാണെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷകനെ ചോദ്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.