ആരോഗ്യമന്ത്രി കെ.മുരളീധരനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവച്ച പിഎസിയിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ നിർദേശിച്ച് സർക്കാർ. ഓഫിസ് അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെ പിരിച്ചുവിടാനാണ് സർക്കാർ പിഎസ്സി സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനൊപ്പം 2017നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ താൽക്കാലികമായി നിയമിച്ച എല്ലാ ഓഫിസ് അറ്റൻഡർമാരെയും പിരിച്ചുവിടാനും നിർദേശിച്ചിട്ടുണ്ട്. ഇവർ ചട്ടവിരുദ്ധമായാണ് ജോലിയിൽ തുടരുന്നതെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.ഇക്കാര്യത്തിൽ അന്തിമനടപടി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിനു നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. താൽക്കാലിക ജീവനക്കാരനായ ബിജുവിന്റെ നടപടി സർക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫിസിന്റെ അന്തസ്സിനു മങ്ങലേൽപിച്ചുവെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.