Drisya TV | Malayalam News

മലയാളി ദമ്പതികൾ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

 Web Desk    16 Oct 2026

മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ട‌ർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി.മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ.ഫർഹാന (28) എന്നിവരാണ് മരിച്ചത്. നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്‌ലം ഏതാനും മാസം മുൻപാണ് ഭാര്യയ്ക്കൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്‌ലം.

വിവരമറിഞ്ഞെത്തിയ ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം. ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്‌തത ലഭിക്കുകയുള്ളൂവെന്ന് ബാദ്ഷാപുർ പൊലീസ് പറഞ്ഞു.

  • Share This Article
Drisya TV | Malayalam News