1950-ന് ശേഷം ലോകം സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും ശക്തമായ പ്രതിഭാസങ്ങളിലൊന്നായി മാറിക്കൊണ്ട് 'എൽ നിനോ' അതിവേഗം ശക്തിപ്രാപിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മീറ്റിയോറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ള്യു.എം.ഒ). വരുന്ന ഡിസംബറോടെ പ്രതിഭാസം അതിന്റെ പാരമ്യത്തിലെത്തുമെന്നും, ഇത് ഭൂമിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും താപനില അസാധാരണമായി ഉയർത്തുമെന്നും ലോക കാലാവസ്ഥാ സംഘടന വ്യാഴാഴ്ച പുറത്തിറക്കിയ 'ഗ്ലോബൽ സീസണൽ ക്ലൈമറ്റ് അപ്‌ഡേറ്റിൽ' മുന്നറിയിപ്പ് നൽകി.
മനുഷ്യനിർമിതമായ ആഗോളതാപനത്തിന് പുറമെ എൽ നിനോ കൂടി എത്തുന്നതോടെ അന്തരീക്ഷ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരും. മഴയുടെ രീതികളിൽ വൻതോതിലുള്ള വ്യതിയാനമുണ്ടാകുമെന്നും വിവിധ ഭൂഖണ്ഡങ്ങളിൽ അതിരൂക്ഷമായ വരൾച്ചയ്ക്കും മിന്നൽ പ്രളയങ്ങൾക്കും ഇത് കാരണമാകുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയിലും വളരെ ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇത് ആഗോള കാറ്റിന്റെ ഗതിയെയും മർദ്ദത്തെയും മഴയുടെ വിതരണത്തെയും അടിമുടി മാറ്റിമറിക്കും.
സാധാരണയായി നവംബർ-ഫെബ്രുവരി മാസങ്ങളിൽ എൽ നിനോ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെങ്കിലും, ആഗോള അന്തരീക്ഷത്തിൽ അതിന്റെ പ്രത്യാഘാതമായി താപനില കുതിച്ചുയരുന്നത് അതിനുശേഷമുള്ള മാസങ്ങളിലാണ്. നിലവിൽ തന്നെ മധ്യ അമേരിക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എൽ നിനോ രൂക്ഷമായ നാശനഷ്ടങ്ങൾ വിതച്ചുതുടങ്ങിയിട്ടുണ്ട്; പലയിടങ്ങളിലും കൊടും വരൾച്ചയെത്തുടർന്ന് കന്നുകാലികളും കൃഷിയും കൂട്ടത്തോടെ നശിക്കുന്നതായാണ് റിപ്പോർട്ടുകൾ.