Drisya TV | Malayalam News

സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി കായികമന്ത്രി ഒ.ജെ. ജനീഷ് 

 Web Desk    21 Sep 2026

സംസ്ഥാനത്തെ മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി കായികമന്ത്രി ഒ.ജെ. ജനീഷ്. സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്നും, സ്വന്തം ചെലവിലാണ് കുടുംബസമേതം ഒമാനിലേക്ക് പോയതെന്നും മന്ത്രി വ്യക്തമാക്കി. മുൻപ് പ്രതിപക്ഷ നേതാക്കൾ പോയത് പോലെയല്ല തങ്ങളുടെ യാത്രയെന്നും ഇത്തരം കാര്യങ്ങൾ അനാവശ്യമായി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാർക്കും അവരുടേതായ സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്ന് ചോദിച്ച അദ്ദേഹം, ഇത് ഏത് കാലമാണെന്നും വിമർശകരോട് ചോദിച്ചു. "എന്റെ വയസ്സ് 37 ആണ്. അതുകൊണ്ട് തന്നെ ഒരു 'തന്ത വൈബ്' പിടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല," ജനീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്തെ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ്, കെ.എം. ഷാജി എന്നിവർ വിവിധ വിദേശ രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തിയത്. ഇതിൽ രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്ക സന്ദർശിച്ചത് പൂർണ്ണമായും സ്വകാര്യ ആവശ്യത്തിനായിരുന്നു. അതേസമയം, പി.സി. വിഷ്ണുനാഥിന്റെ യു.എ.ഇ സന്ദർശനം ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നു. കെ.എം. ഷാജിയും കുടുംബവും കഴിഞ്ഞ ദിവസമാണ് യൂറോപ്യൻ പര്യടനത്തിനായി യാത്രതിരിച്ചത്.

സ്വകാര്യ ആവശ്യങ്ങൾക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായി നടത്തുന്ന ഇത്തരം യാത്രകളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും കായികമന്ത്രി കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News