തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐ.എൻ.ടി.യു.സി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബർ കോഡ് രാജ്യത്ത് നിലവിൽ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബർ കോഡ് നടപ്പാക്കാത്തതിനാൽ തൊഴിലാളികൾക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബർ കോഡ് നടപ്പാക്കിയില്ലെങ്കിൽ പഴയ നിയമവും പുതിയ ലേബർ കോഡും ഇല്ലാത്ത സ്ഥിതി വരും. ത്രിശങ്കു സ്വർഗത്തിലാണ്. കേരളത്തിലെ തൊഴിൽ മേഖലയെ ബാധിക്കാത്ത തരത്തിൽ, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിൽ അത് നടപ്പാക്കണം. പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ല.
എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ ഗവൺമെന്റ് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.