ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ നാളെ പ്രാബല്യത്തിൽ വരും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഘട്ടം ഘട്ടമായി ഒഴിവാക്കും. പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും. 10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും തീരുവരഹിതമാകും (ഡ്യൂട്ടി–ഫ്രീ).
ബ്രിട്ടനിൽ നിന്നുള്ള ആഡംബര വാഹന ഇറക്കുമതി തീരുവ 110% വരെയായിരുന്നത് പരിമിതമായ ക്വോട്ട അടിസ്ഥാനത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ജാഗ്വർ ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, റോൾസ് റോയ്സ് തുടങ്ങിയവയുടെ വിലയിൽ ഗണ്യമായ കുറവുണ്ടായേക്കും. ബ്രിട്ടനിൽ നിന്നുള്ള സ്കോച്ച് വിസ്കിക്കും (ബ്ലെൻഡഡ് അടക്കം) ജിന്നിനും അടുത്ത 10 വർഷത്തിനുള്ളിൽ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായി തീരുവ കുറയുമെന്നതിനാൽ ഇന്ത്യൻ വിപണിയിൽ വില കുറയും. ബ്രാണ്ടി, ടെക്കീല, റം, വോഡ്ക, കോർഡിയൽ എന്നിവയുടെ തീരുവ 150 ശതമാനമായിരുന്നത് 75 ശതമാനമായും കുറയും. 1,800 ഇന്ത്യൻ ഷെഫുമാർ, യോഗ അധ്യാപകർ, ശാസ്ത്രീയസംഗീതജ്ഞർ എന്നിവർക്ക് താൽക്കാലികമായി ബ്രിട്ടനിലേക്ക് പോകാൻ അവസരം ലഭിക്കും.
ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങൾക്കായി പോകുന്ന ഇന്ത്യക്കാർക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുടെ കാലയളവും വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടിഷ് ശാഖയിലേക്കു മാറ്റുമ്പോൾ (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്–ഐസിടി) 3 വർഷത്തെ വീസ ലഭിക്കും. ജീവനക്കാർക്കു പുറമേ ജീവിതപങ്കാളിക്കും തൊഴിൽവീസ ലഭിക്കും.
കർഷകർക്ക് തിരിച്ചടിയുണ്ടാകാതിരിക്കാൻ ക്ഷീരമേഖല, പച്ചക്കറി, ആപ്പിൾ, ഭക്ഷ്യ എണ്ണ, അരി എന്നിവയുമായി ബന്ധപ്പെട്ട തീരുവ ഇന്ത്യ കുറച്ചിട്ടില്ല. 20% വരെയായിരുന്ന സമുദ്രോൽപന്ന തീരുവ പൂജ്യമാകുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന് നേട്ടമാകും.