നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ വ്യാഴാഴ്ച ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു.
'സെഷൻസ് ജഡ്‌ജി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ, സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാൻ കോടതിക്ക് കഴിയില്ല. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു', കോടതി വ്യക്തമാക്കി.
വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്നും ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു പൾസർ സുനിയുടെ വാദം. ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സുനിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ ഉന്നയിച്ചത്.