ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഒന്നിലധികം വോട്ടേഴ്സ് ഐഡി കയ്യിൽ വെച്ചു എന്നതായിരുന്നു പ്രകാശ്രാജിനെതിരെയുള്ള പരാതി.
തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ പ്രകാശ് രാജിനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദിലീപ് ആണ് പരാതി നൽകിയത്. ഹൽസൂർ പോലീസ് സ്റ്റേഷനിൽ ആദ്യം നൽകിയ പരാതി നടപടിയാകാത്തതിനെ തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. എന്നിട്ടും നടപടിയാകാത്തതിനെ തുടർന്ന് അദ്ദേഹം ഇലക്ഷൻ കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസിൽ നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് പ്രകാശ് രാജ് നേരിട്ട് ഹാജരായി ജാമ്യം എടുത്തത്.