Drisya TV | Malayalam News

കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് കോറോഹെൽത്ത്

 Web Desk    10 Jul 2026

കേരളത്തിലെ കോറോഹെൽത്ത് കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കാനുള്ള കമ്പനി തീരുമാനവുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നെന്ന നിലപാടിൽ കമ്പനി ഉറച്ചുനിന്നതോടെയാണ് ചർച്ച വഴിമുട്ടിയത്.

ഇതോടെ കൊച്ചി, കോഴിക്കോട് സെന്ററുകളിലെ എണ്ണൂറിലധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. എന്നാൽ, കമ്പനി പൂട്ടാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജൂലൈ 20ന് കമ്പനിയുടെ യു.എസ് ആസ്ഥാനമായുള്ള ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും.

കേരളത്തിലെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കമ്പനിക്ക് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സഹായങ്ങളും നൽകാൻ സർക്കാർ തയാറാണെന്ന് അറിയിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ‌ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കമ്പനി നേരിടുന്ന ഏത് പ്രശ്ന‌ങ്ങളും പരിഹരിക്കാൻ സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. കമ്പനി പൂർണമായി അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൂട്ടപ്പിരിച്ചുവിടൽ ഒഴിവാക്കാൻ സർക്കാർ ബദൽ നിർദേശങ്ങളും മുന്നോട്ടുവച്ചിരുന്നു.ഹൈദരാബാദ് കേന്ദ്രത്തിന് നൽകുന്ന പുതിയ ജോലികൾ കേരളത്തിന് കൈമാറുക, ജീവനക്കാരെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുക തുടങ്ങിയ നിർദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, അടുത്ത ചർച്ച നടക്കുന്ന ജൂലൈ 20 വരെ ജീവനക്കാരെ ഓഫിസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന കമ്പനിയുടെ കടുത്ത നിലപാടാണ് ചർച്ച അലസാൻ കാരണമായത്.

നിലവിൽ ജീവനക്കാർക്കുള്ള നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ലെന്നും തൊഴിൽ നിലനിർത്തുന്നതിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി. കമ്പനി പൂർണമായി പൂട്ടുന്ന സാഹചര്യത്തിൽ മാത്രമേ നഷ്ടപരിഹാരത്തെക്കുറിച്ച് ചിന്തിക്കൂ. കേരളത്തിലെ തൊഴിൽ സംസ്കാരത്തെയും ജീവനക്കാരുടെ അന്തസ്സിനെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള കമ്പനിയുടെ നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളിലേക്ക് സർക്കാർ കടക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നൽകി.

  • Share This Article
Drisya TV | Malayalam News