ഇറാനിൽ തകർന്നുവീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി. പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് അതിശക്‌തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം. പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് വനിതയാണോ പുരുഷനാണോ എന്നതിലും വ്യക്തതയില്ല.
ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനമാണ് 2 യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവ്ചിട്ടത്. തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്-15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതാകുകയായിരുന്നു. പൈലറ്റിനെ പിടികൂടാൻ ഇറാനും രക്ഷിച്ചെടുക്കാൻ യുഎസും ദൗത്യമാരംഭിച്ചതോടെ ആറാം ആഴ്ചയിലേക്കു കടക്കുന്ന യുദ്ധത്തിലെ നിർണായക ഘട്ടമായി ഇതു മാറി. എ-10 തണ്ടർബോൾട് യുദ്ധവിമാനം കുവൈത്തിലാണു തകർന്നുവീണത്. വിമാനത്തിൽനിന്ന് ഇജക്ട് ചെയ്യപ്പെട്ട പൈലറ്റ് സുരക്ഷിതനാണെന്ന് യുഎസ് സ്‌ഥിരീകരിച്ചു. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് യുദ്ധവിമാനങ്ങൾ ശത്രുരാജ്യം വെടിവച്ചിടുന്നത്. 2003 ൽ ഇറാഖ് യുദ്ധത്തിനിടെ യുഎസിൻ്റെ എ-10 തണ്ടർബോൾട് വിമാനം ഇറാഖ് വെടിവച്ചിട്ടിരുന്നു.