പുതിയ യു.എസ് കറൻസികളിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യു.എസ്. ട്രഷറി വകുപ്പ് തീരുമാനം. സാധാരണഗതിയിൽ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകൾ മാത്രമാണ് കറൻസിയിൽ ഉണ്ടാകാറുള്ളത്. പ്രസിഡൻ്റിന്റെ ഒപ്പ് കറൻസിയിൽ ചേർക്കുന്നത് യുഎസിന്റെ ചരിത്രത്തിൽ ആദ്യമായാണ്.രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമാണിതെന്ന് സ്കോട്ട് ബെസെന്റ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് ഉചിതവും അർഹവുമായ കാര്യമാണെന്ന് ട്രഷറർ ബ്രാൻഡൻ ബീച്ചും വ്യക്തമാക്കി.
യുഎസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണനാണയത്തിന് ഫെഡറൽ ആർട്സ് കമ്മിഷൻ നേരത്തേ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കറൻസിയിലെ ഒപ്പിന്റെ കാര്യത്തിലും തീരുമാനമായത്.
യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പേര് മാറ്റിയതിനും പുതിയ യുദ്ധക്കപ്പലുകൾക്ക് പേര് നൽകിയതിനും പിന്നാലെ അമേരിക്കൻ സാംസ്‌കാരിക അടയാളങ്ങളിൽ തന്റെ പേരും സാന്നിധ്യവും ഉറപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. യുഎസ് ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിങ്ങിനാണ് പേപ്പർ കറൻസികളുടെ നിർമാണച്ചുമതല.