ദേശീയ സുരക്ഷയുടെ പേരിൽ ആരുടെയും ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കാനും പാസ്വേഡ് ചോദിച്ചു വാങ്ങാനും പൊലീസിന് വിപുലമായ അധികാരം നൽകുന്ന പുതിയ നിയമം ഹോങ്കോങ്ങിൽ പ്രാബല്യത്തിൽ വന്നു. കോടതിയുടെ വാറൻ്റോ പ്രത്യേക അനുമതിയോ ഇല്ലാതെ തന്നെ പൊലീസിന് സ്വകാര്യതയിലേക്ക് കടന്നുകയറാം എന്നതാണ് ഈ നിയമത്തെ ഭീതിപ്പെടുത്തുന്നതാക്കുന്നത്.അതിനാൽ ഫോണിലെ പാസ്‌വേഡ് പൊലീസ് ചോദിച്ചാൽ തരാൻ പറ്റില്ലെന്ന് പറയാൻ ഇനി ഹോങ്കോങ്ങിൽ സാധിക്കില്ല.
ഹോങ്കോങ്ങിലെ പോലെ 'വാറന്റ് ഇല്ലാതെ' പാസ്‌വേഡ് പിടിച്ചുവാങ്ങുക എന്നത് ഇന്ത്യയിൽ അത്ര എളുപ്പമല്ല. എങ്കിലും, ഭീകരവാദ വിരുദ്ധ നിയമങ്ങൾ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഏജൻസികൾക്ക് കൂടുതൽ അധികാരങ്ങളുണ്ട്. സാധാരണ കേസുകളിൽ വ്യക്തിയുടെ സ്വകാര്യതയ്ക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും ഇന്ത്യയിൽ മുൻഗണന ലഭിക്കാറുണ്ട്.