നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 1202 സ്ഥാനാർഥികൾ മത്സരരംഗത്ത്. ഇവർക്കായി 2039 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ചൊവ്വാഴ്ച സൂക്ഷ്മപരിശോധന നടക്കും. പത്രികകൾ പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ അവസാനദിവസമാണ് പത്രിക നൽകിയത്.
പത്രികാസമർപ്പണംകൂടി പൂർത്തിയായതോടെ, ഇനി പോർവീര്യം തിളയ്ക്കും. വോട്ടു കിട്ടാൻ ഓരോ മുന്നണിയും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്ന അജൻഡയാണ് വിധിനിർണയത്തിൽ പ്രധാനം.പ്രകടനപത്രിക പണിപ്പുരയിലാണെങ്കിലും ഈ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ അജൻഡ വ്യക്തമായിക്കഴിഞ്ഞു.
പ്രതിപക്ഷവിമർശനങ്ങൾക്കു മറുപടി പറഞ്ഞു പോവുന്നുണ്ടെങ്കിലും പത്തു വർഷത്തെ ഭരണനേട്ടങ്ങളാണ് എൽ.ഡി.എഫിൻ്റെ മുഖ്യപ്രചാരണായുധം. അതിനാൽ, ഭരണത്തുടർച്ച മുന്നിൽക്കണ്ട് 'മറ്റാരുണ്ട്, എൽ.ഡി.എഫ്. അല്ലാതെ' എന്നൊരു ചോദ്യത്തോടെ വോട്ടർമാർക്കു മുന്നിലെത്തുന്നു. പാലങ്ങളും കെട്ടിടങ്ങളുമടക്കമുള്ള കിഫ്ബി വികസനപദ്ധതികൾ, ലൈഫ് മിഷന്റെ അഞ്ചുലക്ഷം വീടുകൾ, പവർ കട്ടില്ലാത്ത പത്തുവർഷം, സർക്കാർ സ്കൂളുകൾ സ്‌മാർട്ടായതും സമയത്ത് പാഠപുസ്തകങ്ങൾ എത്തിച്ചതുമൊക്കെ കേരളം മാറ്റത്തിന്റെ വഴിയിൽ സഞ്ചരിച്ചതിന്റെ അടയാളങ്ങളായി എൽ.ഡി.എഫ്. ഉയർത്തിക്കാട്ടുന്നു.ആരോഗ്യം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പ്, വ്യവസായം, പി.എസ്.സി. നിയമനം തുടങ്ങിയവയിൽ കേരളം 'നമ്പർ വൺ' ആണെന്ന് ബി.ജെ.പി. ഭരണമുള്ള കേന്ദ്രസർക്കാർ പോലും അംഗീകരിച്ചെന്നാണ് അവകാശവാദം.
65 ലക്ഷം പേർക്കുള്ള ക്ഷേമപെൻഷനു പുറമേ, ജോലിയില്ലാത്ത വീട്ടമ്മമാർക്ക് ആയിരം രൂപ നൽകിയതുമൊക്കെ എൽ.ഡി.എഫ്. പ്രചാരണ വിഷയമാക്കി. യു.ഡി.എഫ്. ഭരണത്തെ ഇരുണ്ടകാലമെന്നു വിശേഷിപ്പിച്ച്, പത്തുവർഷത്തെ പിണറായി ഭരണവുമായി താരതമ്യം ചെയ്താണ് വോട്ടഭ്യർഥന.
പത്തുവർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യവുമായി 'കേരളം ജയിക്കും യു.ഡി.എഫ്. നയിക്കും' എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫിന്റെ്റെ പോരാട്ടം. ശബരിമല സ്വർണക്കൊള്ളയാണ് സർക്കാരിനും എൽ.ഡി.എഫിനുമെതിരേ പ്രതിപക്ഷം ആദ്യം പുറത്തെടുത്ത ആയുധം. ഇപ്പോഴാവട്ടെ, 'സി.പി.എം.-ബി.ജെ.പി. ഡീൽ' എന്ന ആരോപണമുയർത്തി, തിരഞ്ഞെടുപ്പുകളത്തിൽ വജ്രായുധം പ്രയോഗിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇങ്ങനെ, രാഷ്ട്രീയചർച്ച വഴി തിരിച്ചുവിടാൻ അവർക്കായി.
കേരളത്തിനു പുറത്തേക്കുള്ള വിദ്യാർഥികുടിയേറ്റം, സർവകലാശാലകളെ പ്രതിസന്ധിയിലാക്കിയ സി.പി.എം.-ഗവർണർ പോര്, മന്ത്രിസഭയെ മറികടന്ന് പി.എം.ശ്രീ കരാറിൽ ഒപ്പിട്ട സർക്കാർ നടപടി, ആർ.എസ്.എസ്. നേതാവുമായി എ.ഡി.ജി.പി. അജിത്കുമാറിന്റെ കൂടിക്കാഴ്ച, തൃശ്ശൂർപൂരം കലക്കൽ, നിയമനത്തിനായി പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരങ്ങൾ, പോലീസ് അതിക്രമങ്ങൾ, മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ആരോഗ്യരംഗത്തെ താളപ്പിഴ തുടങ്ങിയ പ്രശ്നങ്ങളാണ് ആവനാഴിയിലെ അസ്ത്രങ്ങൾ.
കേരളത്തിൽ ബി.ജെ.പി. വളരില്ലെന്ന രാഷ്ട്രീയാഖ്യാനം ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മാറിക്കിട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ. തൃശ്ശൂരിലൂടെ പാർലമെൻ്റിലേക്കു തുറന്ന അക്കൗണ്ടും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ചതുമൊക്കെ ബി.ജെ.പി.യുടെ പ്രത്യാശ കൂട്ടുന്നു. കേരളം ഇതുവരെ മാറിമാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന് വിമർശിച്ചും ഇന്ത്യ സഖ്യത്തിൽ കൈകോർക്കുന്ന ഈ മുന്നണികൾ കേരളത്തിൽ പോരടിക്കുന്നതു നാടകമാണെന്ന് ആരോപിച്ചുമാണ് ബി.ജെ.പി. പ്രചാരണം.