ആപ്പിൾ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ലാപ്ടോപ്പ് 'മാക്ബുക്ക് നിയോ' (MacBook Neo) വിപണിയിലിറക്കി. 599 ഡോളർ (ഏകദേശം 50,000 ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഈ പുത്തൻ മോഡൽ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ആപ്പിൾ ഉൽപ്പന്നങ്ങൾ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. വിൻഡോസ് പിസികൾക്കും ക്രോംബുക്കുകൾക്കും വലിയ വെല്ലുവിളിയാകും ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ ചില വിട്ടുവീഴ്ചകൾ ആപ്പിൾ നടത്തിയിട്ടുണ്ടെങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കമ്പ്യൂട്ടറാണ് ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ന് മിക്കവാറും എല്ലാ എഐ പ്രവർത്തനങ്ങളും ക്ലൗഡ് അധിഷ്ഠിതമായാണ് നടക്കുന്നത് എന്നതിനാൽ, ഉയർന്ന പ്രോസസിംഗ് കരുത്തിനേക്കാൾ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റിയാണ് ഇത്തരം ടൂളുകൾക്ക് ആവശ്യം.
എ18 പ്രോ ചിപ്പ്, 8 ജിബി റാം, 256 ജിബി അല്ലെങ്കിൽ 512 ജിബി എസ് എസ് ഡി സ്റ്റോറേജ് എന്നീ ഫീച്ചറുകളാണ് മാക്ബുക്ക് നിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സഫാരിയിൽ ജെമിനി (Gemini) ഉപയോഗിക്കുന്നതിനും ചാറ്റ് ജിപിടി (ChatGPT) ആപ്പ് പ്രവർത്തിപ്പിക്കുന്നതിനും ഈ കരുത്ത് ധാരാളമാണ്. വിലകൂടിയ മാക്ബുക്ക് പ്രോ മോഡലുകൾ ചെയ്യുന്ന മിക്കവാറും എല്ലാ എഐ ടാസ്ക്കുകളും ഈ കുറഞ്ഞ നിരക്കിലുള്ള ലാപ്ടോപ്പിലും സുഗമമായി ചെയ്യാൻ സാധിക്കും.