Drisya TV | Malayalam News

ആഗോള ബഹിരാകാശ ഹാര്‍ഡ്വെയര്‍ വിപണിയിലെ പ്രധാന നിര്‍മ്മാണ ഹബ്ബായി ഇന്ത്യ 

 Web Desk    19 Nov 2026

കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന രാജ്യം എന്നതില്‍ നിന്ന്, ആഗോള ബഹിരാകാശ ഹാര്‍ഡ്വെയര്‍ (Space Hardware) വിപണിയിലെ പ്രധാന നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറുന്നു. ഐഎസ്ആര്‍ഒയുടെ (ISRO) സാങ്കേതിക പിന്തുണയോടെ പിക്‌സല്‍ (Pixxel), അസ്‌ട്രോഫെല്‍ എയറോസ്‌പേസ് തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിദേശ രാജ്യങ്ങള്‍ക്കായി റോക്കറ്റ് എന്‍ജിനുകളും സാറ്റലൈറ്റ് പേലോഡുകളും നിര്‍മ്മിച്ചു നല്‍കാന്‍ തുടങ്ങിയതോടെ, 2033-ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 44 ബില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്ന് ഇന്‍-സ്പേസ് (IN-SPACe) വിലയിരുത്തുന്നു.

വിക്ഷേപണത്തിനപ്പുറം ആഗോള നിര്‍മ്മാണ ഹബ്ബിലേക്ക്മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുക എന്നതിനപ്പുറം, ആഗോള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ റോക്കറ്റ് എന്‍ജിനുകള്‍, പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍, ഉപഗ്രഹ ഭാഗങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗ്രൗണ്ട് സ്റ്റേഷനുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന വിശ്വസ്ത പങ്കാളിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബഹിരാകാശ ഘടകങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിച്ചതും ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.ഐഎസ്ആര്‍ഒയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണ മികവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്.

അത്യാധുനിക റോക്കറ്റ് എന്‍ജിനുകളുടെയും പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുടെയും തദ്ദേശീയ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അസ്ട്രോഫെല്‍ എയറോസ്പേസ് (Astrophel Aerospace), വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റുകള്‍ക്കു പേരുകേട്ട പിക്സല്‍ (Pixxel), ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ അതിസൂക്ഷ്മ ക്യാമറകളും ഒപ്റ്റിക്കല്‍ സെന്‍സറുകളും നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഇയോണ്‍ സ്പേസ് ലാബ്സ് (EON Space Labs) എന്നിവ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. കേവലം സ്‌പെയര്‍ പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് പകരം, ബഹിരാകാശ ദൗത്യത്തിന് ആവശ്യമായ പൂര്‍ണ്ണ സാങ്കേതികവിദ്യ കസ്റ്റമൈസ് ചെയ്ത് നല്‍കുന്നുവെന്നതാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രത്യേകത.

  • Share This Article
Drisya TV | Malayalam News