അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവയുടെ ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഐആർജിസിയുമായി ബന്ധമുള്ള തസ്നീം (Tansim) ന്യൂസ് ഏജൻസിയാണ് ഇസ്ലാമിക് ഗാർഡിന്റെ എയറോസ്പേസ് വാരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഈ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
ഇറാനിയൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹി, ഐആർജിസി എയറോസ്പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി എന്നിവരുടെ സാന്നിധ്യത്തിലാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഉത്പാദന ശൃംഖലകൾ ഭൗമോപരിതലത്തിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഭൂഗർഭ സങ്കേതങ്ങളിലേക്ക് മാറ്റിയതായും ഐആർജിസി വെളിപ്പെടുത്തി. മിസൈൽ സിറ്റി വെറുമൊരു ആയുധ സംഭരണശാലകളല്ല, മറിച്ച് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ കൂടിയാണെന്ന് ഐർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബിയും കമാൻഡർ മൂസവിയും വ്യക്തമാക്കി.
യുഎസ് ഉപരോധവും നാവിക ഉപരോധവും തുടരുന്ന സാഹചര്യത്തിൽ സ്വന്തം പ്രതിരോധശേഷി തെളിയിക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. ആവശ്യമെങ്കിൽ മേഖലയിലും അതിനപ്പുറമുള്ള ശത്രുക്കളുടെ കേന്ദ്രങ്ങൾ ആക്രമിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഐആർജിസി കമാൻഡർ മൂസവി മുന്നറിയിപ്പ് നൽകി.