പ്ലസ് വൺ വിദ്യാർഥി എം.ഡി.അഭിരാമിന്റെ കൊലപാതകത്തിൽ പ്രതിയായ ഗുണ്ട ഉമറിന്റെ വനിതാ സുഹൃത്തിനെ പൊലീസ് പിടികൂടി. ആക്കുളം സ്വദേശി ഐശ്വര്യയാണ് പിടിയിലായത്. കുറ്റകൃത്യത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് അറിവുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം അഭിരാമിന്റെ വസ്ത്രം ഊരി മാറ്റി ഫോണും ഷൂസും അടക്കമുള്ള വസ്തുക്കൾ തോട്ടിൽ എറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി. മൃതദേഹം ചാക്കിൽ കെട്ടി പുഴയിലേക്ക് എറിയാൻ പദ്ധതിയിട്ടെങ്കിലും കനത്ത മഴയായതുകൊണ്ട് പദ്ധതി ഉപേക്ഷിച്ച് സ്ഥലത്തുനിന്നും പോയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
കേസിൽ 3 പേരെ അറസ്റ്റു ചെയ്തു. അഭിരാമിനെ കൊലപ്പെടുത്തിയ പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ മധുകുമാറിന്റെയും ധർമജയുടെയും മകനാണ് അഭിരാം.
അഭിരാം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ വീട്ടിൽ ഉണ്ടായിരുന്നെന്നും ഉടൻ വരാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും പിതാവ് പറഞ്ഞു. ‘വൈകുന്നേരം കല്യാണ റിസപ്ഷൻ ഉണ്ടായതിനാൽ നാല് മണിക്ക് തന്നെ തിരിച്ചെത്തണമെന്ന് പറഞ്ഞിരുന്നു. നാല് മണിയായിട്ടും കാണാഞ്ഞപ്പോൾ ഫോണിൽ വിളിച്ചു. ആദ്യം ഫോൺ എടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ ഫോണെടുത്തു. 10 മിനിറ്റിനുള്ളിൽ വീട്ടിൽ എത്താമെന്ന് പറഞ്ഞു. അഭിരാം നല്ലതുപോലെ കിതയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. മഴയുള്ള സമയമായിരുന്നതിനാൽ എവിടെയെങ്കിലും കയറി നിൽക്കുകയാണെന്നാണ് കരുതിയത്. രാത്രി ഒൻപതര കഴിഞ്ഞിട്ടും വരാതിരുന്നപ്പോൾ പൊലീസിൽ പരാതി നൽകി’–പിതാവ് മധുകുമാർ പറഞ്ഞു.
‘ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ, അനന്തയെ പൊലീസ് ചോദ്യം ചെയ്തു. അഭിരാമിനെ അറിയില്ലെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. അന്ന് രാത്രി തന്നെ പതിനേഴുകാരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീണ്ടും ചോദ്യം ചെയ്തപ്പോൾ, പ്രതിയായ പതിനേഴുകാരനുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. പതിനേഴുകാരനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അഭിരാമിന്റെ മൃതദേഹം പാങ്ങപ്പാറയിലുണ്ടെന്നും വെളിപ്പെടുത്തി. ഉടനെ പൊലീസ് പാങ്ങപ്പാറയിലെത്തി മൃതദേഹം കണ്ടെത്തി’–പിതാവ് പറഞ്ഞു.