ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക് വേദിയില്‍ റഷ്യന്‍ പതാക പാറി. റഷ്യയുടെ ദേശീയ ഗാനവും ഉയര്‍ന്നു. സെനഗലില്‍ നടക്കുന്ന 'ഡാകര്‍ 2026 യൂത്ത് ഒളിംപിക്' ഗെയിംസില്‍ 13 റഷ്യന്‍ താരങ്ങളാണ് മല്‍സരിക്കുന്നത്.ഉത്തേജക മരുന്ന് വിവാദങ്ങളേയും ഉക്രെയ്ന്‍ അധിനിവേശത്തേയും തുടര്‍ന്നാണ് കഴിഞ്ഞ ആറ് വര്‍ഷമായി റഷ്യയ്ക്ക് വിലക്ക് കിട്ടിയത്. 2020ലെ ടോക്യോ, 2024ലെ പാരിസ് ഒളിംപിക്സുകളില്‍ റഷ്യന്‍ താരങ്ങള്‍ ഒളിംപിക് പതാകയ്ക്ക് കീഴിലാണ് മത്സരിച്ചത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന പതാകയോ, ദേശീയ ഗാനമോ, ദേശീയ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.
ഈ വര്‍ഷം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) വിലക്കുകളില്‍ ഘട്ടം ഘട്ടമായി വരുത്തിയ ഇളവുകളാണ് റഷ്യയുടെ ഒളിംപിക് വേദിയിലേക്കുള്ള തിരിച്ചു വരവിന് വഴിയൊരുക്കിയത്. റഷ്യന്‍ ഒളിംപിക് കമ്മിറ്റിക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ ജൂലൈയില്‍ ഐഒസി താത്കാലികമായി പിന്‍വലിച്ചിരുന്നു. റഷ്യന്‍, ബെലറൂസ് താരങ്ങളുടെ പങ്കാളിത്തം വിലക്കിക്കൊണ്ടുള്ള ശുപാര്‍ശകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.