വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിനാപ്) രാജ്യമാകെ ഇന്നു മുതൽ. സേവ് ചെയ്യാത്ത നമ്പറാണെങ്കിലും ഇനി മുതൽ വിളിക്കുന്നതാരാണെന്ന് മനസിലാക്കാനാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേരാണ് കോൾ ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ദൃശ്യമാകുക.കേന്ദ്രനിർദേശ പ്രകാരമാണ് സിനാപ് രാജ്യമാകെ നടപ്പിലാക്കുന്നത്. തുടക്കത്തിൽ 4ജി, 5ജി ശൃംഖലകളിൽ മാത്രമാണിത്. എന്നാൽ പല മൊബൈൽ ഫോൺ സേവനദാതാക്കളും ഇതിനോടകം പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. കോളർ ഐഡി സംവിധാനം ലഭ്യമാകാൻ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല.
സേവ് ചെയ്ത നമ്പറുകളിൽ നിന്നാണു കോളെങ്കിൽ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക‍്ഷനുകൾക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാർക്ക് പേര് (പ്രിഫേഡ് നെയിം) ഉൾപ്പെടുത്താൻ അവസരം നൽകും. പുതിയ ബിസിനസ് കണക‍്ഷനുകൾക്ക് അതെടുക്കുന്ന സമയത്തു തന്നെ ‘പ്രിഫേഡ് നെയിം’ നൽകാം.അതേസമയം വിദേശത്തു നിന്നുള്ള കോളുകൾ 'ഇന്റർനാഷണൽ കോൾ' എന്ന രീതിയിൽ ദൃശ്യമാകും. ട്രൂകോളർ പോലുള്ള ആപ്പുകൾക്ക് പകരമായാണ് നെറ്റ്‌വർക്ക് അധിഷ്ഠിത കോളർ നെയിം സർവീസ് എന്ന ആശയം ഉയർന്നുവന്നത്. ട്രൂകോളർ പോലുള്ള ആപ്പുകൾ ക്രൗഡ്‌സോഴ്‌സ് ചെയ്‌ത ഡാറ്റയെ ആശ്രയിക്കുന്നുവെന്നും അത് വിശ്വസനീയമായിരിക്കില്ലെന്നും നേരത്തെ ട്രായ് അറിയിച്ചിരുന്നു.