Drisya TV | Malayalam News

സംസ്ഥാന സ്കൂ‌ൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ

 Web Desk    31 Oct 2026

സംസ്ഥാന സ്കൂ‌ൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ.2012.3 പോയിന്റോടെ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി.തൃശൂർ രണ്ടാമതും മലപ്പുറം മൂന്നാമത്തുമെത്തി. തൃശൂർ 965.3 പോയിന്റ് നേടിയപ്പോൾ മലപ്പുറം 923.3 പോയിന്റ് നേടി. അത്ലറ്റിക്സിൽ മലപ്പുറം ജേതാക്കളായി.

ഗെയിംസ്, അക്വാട്ടിക്സ‌് ഇനങ്ങളിൽ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം മുന്നേറിയത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് 1310 പോയിന്റാണ് തിരുവനന്തപുരം നേടിയത്. 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും ഗെയിംസ് ഇനങ്ങളിൽ നേടി. അക്വാട്ടിക്സ് ഇനങ്ങളിൽ തിരുവനന്തപുരം 606 പോയിന്റും നേടി. അക്വാട്ടിക്സ് ഇനങ്ങളിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും 120 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. ഗെയിംസിൽ 813 പോയിൻ്റുമായി കണ്ണൂർ രണ്ടാമതും 796 പോയിൻ്റുമായി തൃശൂർ മൂന്നാമതുമെത്തി.

അത്ലറ്റിക്സിൽ മലപ്പുറമാണ് ജേതാക്കൾ. മലപ്പുറം 204.3 പോയിന്റോടെയാണ് ജേതാക്കളായത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം അത്ലറ്റിക്സിൽ കരസ്ഥമാക്കി. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി.

ഐഡിയൽ ഇ. എച്ച്. എസ്.എസ് കടകശ്ശേരി, കെ.എച്ച്. എം.എച്ച്.എസ് ആലത്തിയൂർ സ്‌കൂളുകളുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് മലപ്പുറം ഒന്നാമത്തെത്തിയത്. അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി. 75.3 പോയിന്റോടെയാണ് ഐഡിയൽ സ്കൂൾ ഒന്നാമതെത്തിയത്.

  • Share This Article
Drisya TV | Malayalam News