Drisya TV | Malayalam News

കൊല്ലത്തു നിന്ന് കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി 

 Web Desk    27 Oct 2026

കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ കണ്ടെത്തിയത്. നിലവിൽ കുട്ടിയെ സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.കുട്ടി എന്തിനാണ് ഗോവയിൽ പോയതെന്നതിൽ വ്യക്‌തതയില്ല. യാത്ര പോവുകയാണെന്നും 30 വർഷത്തിനു ശേഷമേ തിരികെ വരൂ എന്നും കുട്ടി സഹപാഠികളോടു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് കുട്ടി സ്വയം മുടി മുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച‌ വൈകിട്ടാണ് കുട്ടിയെ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തുകയും ചെയ്തു. കുട്ടി ട്രെയിൻ കയറി പോയിരിക്കാമെന്ന അനുമാനത്തിൽ ആർപിഎഫും പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. പിതാവിന് ഇവിടെയാണ് ജോലി. ഇക്കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയകുഞ്ഞുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു.ആരോഗ്യപ്രശ്‌നമുള്ളതിനാൽ ചികിത്സയ്ക്കു വേണ്ടിയാണ് അവർ സ്വദേശത്തേക്കു പോയത്. ചികിത്സ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങാൻ പദ്ധതിയിട്ടാണ് പോയത്. അമ്മയെ പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം കുട്ടിയെ അലട്ടിയിരിക്കാമെന്നും അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയിട്ടുണ്ടാകാമെന്നുമായിരുന്നു അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന്റെ നിഗമനം.

  • Share This Article
Drisya TV | Malayalam News