Drisya TV | Malayalam News

സംസ്ഥാന സ്കൂൾ കായികമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ ദീപശിഖാ വിവാദം

 Web Desk    26 Oct 2026

സംസ്ഥാന സ്കൂൾ കായികമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ കല്ലുകടിയായി ദീപശിഖാ വിവാദം. മുൻനിശ്ചയപ്രകാരം ദീപം തെളിക്കേണ്ടിയിരുന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയിൽനിന്നു ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. സംഭവത്തിൽ പി.ടി. ഉഷ എംപിയുടെ ഓഫിസ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിനെ പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ പി.ടി. ഉഷ നേരിട്ടു പ്രതികരിച്ചില്ല.

സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ പി.ടി. ഉഷയെ ഗെയിംസ് ദീപം തെളിക്കുന്നതിനു വേണ്ടിയാണു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ക്ഷണിച്ചിരുന്നത്. ജബൽപുരിലായിരുന്ന ഉഷ ഇതിനു വേണ്ടി മാത്രമാണു കോഴിക്കോട്ട് എത്തിയത്. സെനഗലിൽ നടക്കുന്ന യൂത്ത് ഒളിംപിക്സിൽ പങ്കെടുക്കാനായി ഉഷ ഇന്നു യാത്രതിരിക്കുകയും ചെയ്യും.ദീപം തെളിക്കുന്ന ചടങ്ങു നടക്കുന്ന സമയത്താണു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനവേദിയിൽ എത്തിയത്. ഇതോടെ ദീപം മുഖ്യമന്ത്രിക്കു കൈമാറാനായി വിദ്യാഭ്യാസമന്ത്രി നിർദേശിക്കുകയായിരുന്നുവെന്നു പി.ടി. ഉഷയുടെ ഓഫിസ് പറയുന്നു.

സംസ്ഥാനത്തിനു പുറത്തു കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കു യാത്രാബത്തയും ദിനബത്തയും ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ കൃത്യമായി നൽകുമെന്ന്‌ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പ് നൽകി.ഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ കായികതാരങ്ങൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടു നേരിടേണ്ടിവരില്ല. ചെലവാകുന്ന തുക സർക്കാർ വഹിക്കും. രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് അർഹമായ പാരിതോഷികം അവരുടെ അക്കൗണ്ടുകളിലെത്തും. 2036 ഒളിംപിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായിക മേഖലയിൽ സമഗ്ര പദ്ധതികൾ നടപ്പാക്കും. ഇതിനായി പൊതുവിദ്യാഭ്യാസ, കായിക വകുപ്പുകളെ ഏകോപിപ്പിച്ചു സമഗ്ര കായിക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലഹരിക്കുള്ള മറുപടിയാണു കായികമേഖലയെന്നും കുട്ടികളെ ലഹരി മാഫിയയ്ക്കു വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News