വാഹനങ്ങളിൽ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. അപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ അടിയന്തരമായി ബ്രേക്ക് ഉപയോഗിക്കാൻ ഡ്രൈവർക്ക് കഴിയാതെവന്നാൽ വാഹനത്തിന്റെ ബ്രേക്ക് സ്വയം പ്രവർത്തിക്കുന്ന സംവിധാനമാണിത്. M1 കാറ്റഗറിയിൽ പെടുന്നവയ്ക്കാണ് (ഡ്രൈവർക്ക് പുറമെ എട്ട് സീറ്റുകൾ വരെയുള്ള എസ്.യുവികൾ അടക്കമുള്ള പാസഞ്ചർ വാഹനങ്ങൾ) ഇത് ബാധകമാകുന്നത്.
2032 ഒക്ടോബർ 1 മുതൽ എഇബിഎസ് നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) നീക്കം. ഈ തീയതി മുതൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ഈ നിബന്ധന ബാധകമാകും. തുടർന്ന് രണ്ട് വർഷത്തിനകം എം1 വിഭാഗത്തിൽപ്പെടുന്ന മറ്റ് വാഹനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR), 1989-ൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച കരട് ചട്ടങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ 30 ദിവസത്തെ സമയം നൽകും.2030-ഓടെ റോഡ് അപകടങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിൽ.