Drisya TV | Malayalam News

ക്യാൻസർ മരുന്നുകളുടെ വിലയിൽ കുറവ് വരുന്നു, നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ 

 Web Desk    19 Oct 2026

രാജ്യത്ത് കാൻസർ ചികിത്സാ ചെലവ്കുറയ്ക്കുന്നതിന്റെ ഭാഗമായി 137 ക്യാൻസർ മരുന്നുകളുടെ വിലയിൽ കുറവ് വരുന്നു. നവംബർ 9 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ലാഭവിഹിതം ക്രമീകരിക്കുന്ന 'ട്രേഡ് മാർജിൻ റാഷണലൈസേഷൻ' (TMR) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.പുതിയ തീരുമാനം നടപ്പിലാകുന്നതോടെ തെരഞ്ഞെടുത്ത കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ (MRP) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള വില ഘടനയെ ആശ്രയിച്ചായിരിക്കും ഓരോ മരുന്നിന്റെയും വിലക്കുറവിൻ്റെ തോത് നിശ്ചയിക്കുക. കൂടാതെ, വ്യാപാരികളുടെ ലാഭവിഹിതം മരുന്നുകളുടെ എം.ആർ.പി.യുടെ 30 ശതമാനമായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി മരുന്നുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള മരുന്നുകൾ ഈ വിലനിയന്ത്രണ പരിധിയിൽ വരും. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടലിലെ ക്യാൻസർ, അണ്ഡാശയ ക്യാൻസർ, ഗർഭാശയഗള ക്യാൻസർ (സെർവിക്കൽ ക്യാൻസർ) എന്നിവയുടെ ചികിത്സയ്ക്കുള്ള പ്രധാന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു.

മരുന്നുകളുടെ വ്യാപാര-ചില്ലറ വിൽപ്പന ശൃംഖലകളിലെ അമിതലാഭം നിയന്ത്രിക്കുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. അതേസമയം, മരുന്ന് നിർമ്മാതാക്കൾക്ക് ന്യായമായ വരുമാനം ഉറപ്പാക്കുമെന്നും വിപണിയിൽ കൃത്രിമ ക്ഷാമം ഉണ്ടാകുന്നത് തടയുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകളുടെ പുതുക്കിയ വില വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫാർമ സഹി ദാം മൊബൈൽ ആപ്പിലൂടെയോ എൻ.പി.പി.എ.യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അറിയാവുന്നതാണ്.

  • Share This Article
Drisya TV | Malayalam News