Drisya TV | Malayalam News

കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) പിന്നാലെ ഇപ്പോൾ മക്കി ജനതാ പാർട്ടി

 Web Desk    14 Oct 2026

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പരിഹാസ രാഷ്ട്രീയ കൂട്ടായ്മ. കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി) പിന്നാലെ ഇപ്പോൾ മക്കി ജനതാ പാർട്ടി (എം.ജെ.പി) എന്ന പേരിൽ പുതിയ ആക്ഷേപഹാസ്യ സംഘടനയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്.കഴിഞ്ഞ ദിവസമാണ് എംജെപി തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 72 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം വ്യൂസും 3.3 ലക്ഷത്തിലധികം ഫോളോവേഴ്‌സും നേടിയെന്ന് അവകാശപ്പെട്ടത്. ആര്യൻ എന്ന വിദ്യാർഥിയാണ് പാർട്ടിയുടെ സ്ഥാപകൻ എന്നാണ് പേജിൽ പറയുന്നത്. പാർട്ടിയിലേക്ക് വക്താക്കളെ തേടുന്നതായും പേജിൽ പ്രഖ്യാപനമുണ്ട്. ഇൻസ്റ്റഗ്രാം വിവരങ്ങൾ അനുസരിച്ച്, 2021 ജൂൺ മാസത്തിലാണ് ഈ പേജ് പ്ലാറ്റ്‌ഫോമിൽ എത്തിയത്. നിലവിലെ പേരിലേക്ക് മാറുന്നതിന് മുൻപ് എട്ട് തവണ യൂസർനെയിം മാറ്റിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ഒക്ടോബർ 9ന് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് സിജെഐ സൂര്യകാന്തിന്റെ പരാമർശം ഉണ്ടായത്.ഒക്ടോബർ 10ലെ പ്രകടനത്തിന് മുന്നോടിയായി പൊതുഗതാഗതം പൂർണമായി നിർത്തിവെച്ചതിനെ കോടതി ചോദ്യം ചെയ്തു. സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും മുഴുവൻ സംവിധാനവും നിർത്തിവെക്കുന്നത് ശരിയല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

‘ഒരാൾക്ക് നിയന്ത്രിക്കാൻ കഴിയും, പക്ഷേ എല്ലാം നിർത്തിവെക്കുന്നത് തികച്ചും വ്യത്യസ്തമാണ്. നിങ്ങൾക്ക് എല്ലാം നിർത്താൻ കഴിയില്ല എന്ന് ബെഞ്ച് വ്യക്തമാക്കി. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കാൻ കഴിയില്ല’ എന്നും കോടതി കൂട്ടിച്ചേർത്തു. ഈ പരാമർശത്തെ ഉദ്ധരിച്ചാണ് എംജെപിയുടെ ആദ്യ പോസ്റ്റ്. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ടെന്ന് സിജെഐ തന്നെ പറഞ്ഞു, പിന്നെ ഈച്ചയും പറയും ഞങ്ങൾ ഒന്നിനും കുറഞ്ഞവരല്ലെന്ന്’ എന്നായിരുന്നു പോസ്റ്റ്. 

ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ അംഗം നേഹ ബോറക്കും കോക്രോച്ച് ജനതാ പാർട്ടിക്കും എംജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരികളെ ചോദ്യം ചെയ്യുന്നതും ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് നേഹ ബോറയുടെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പിന്തുണക്കുന്നതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ എംജെപി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News