Drisya TV | Malayalam News

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടെന്ന നേട്ടം സ്വന്തമാക്കി യുഎഇ

 Web Desk    14 Oct 2026

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടെന്ന നേട്ടം സ്വന്തമാക്കി യുഎഇ. 2026ലെ പാസ്‌പോർട്ട് സൂചികയിലാണ്​ ഇമാറാത്തി പാസ്‌പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്. മുൻകൂട്ടി പരമ്പരാഗത വിസ നേടാതെ 182 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ യുഎഇ പൗരന്മാർക്ക് കഴിയും. 175 രാജ്യങ്ങളിലേക്ക്​ മുൻകൂർ വിസ രഹിത യാത്രാ സൗകര്യവുമായി സിംഗപ്പൂരും മലേഷ്യയുമാണ്​ രണ്ടാം സ്ഥാനത്ത്​. സ്‌പെയിനാണ് മൂന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ യുഎഇക്കുള്ള സ്വീകാര്യതയും രാജ്യത്തിന്‍റെ അന്താരാഷ്ട്ര ബന്ധങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം. പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഎഇ പാസ്‌പോർട്ടിന്‍റെ മൊബിലിറ്റി സ്‌കോർ 182 ആണ്. ഇതിൽ 138 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. മറ്റ് 44 ലക്ഷ്യസ്ഥാനങ്ങളിൽ പ്രവേശനത്തിനായി ലളിതമായ നടപടിക്രമങ്ങളാണ് നിലവിലുള്ളത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത 16 രാജ്യങ്ങൾ കൂടിയുണ്ട്.

ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി, സ്വീഡൻ, നെതർലൻഡ്‌സ്, ഫിൻലൻഡ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ഓസ്ട്രിയ, ക്രൊയേഷ്യ, നോർവേ, അയർലൻഡ്, ജപ്പാൻ എന്നിങ്ങനെ 17 രാജ്യങ്ങളാണ്​ പാസ്​പോർട്ട്​ സൂചികയിൽ നാലാം സ്ഥാനത്തുള്ളത്​. ​ബ്രിട്ടൻ ഏഴും അമേരിക്ക പത്തും സ്ഥാനത്താണുള്ളത്​. ആർട്ടൺ ക്യാപിറ്റൽ വികസിപ്പിച്ച പാസ്‌പോർട്ട് ഇൻഡക്‌സ് ലോകമെമ്പാടുമുള്ള പാസ്‌പോർട്ടുകളുടെ യാത്രാ സ്വാതന്ത്ര്യം വിലയിരുത്തുന്ന സംവിധാനമാണ്. രാജ്യങ്ങൾ വിസാ ഇളവുകൾ പ്രഖ്യാപിക്കുകയോ പ്രവേശന നിബന്ധനകൾ മാറ്റുകയോ ചെയ്യുമ്പോൾ റാങ്കിങ്ങിലെ കണക്കുകൾ തത്സമയം പുതുക്കുകയാണ് ചെയ്യുന്നത്​.

  • Share This Article
Drisya TV | Malayalam News