Drisya TV | Malayalam News

മൈക്രോസോഫ്റ്റിനെതിരെ കടുത്ത നടപടിയുമായി യുഎസ്

 Web Desk    11 Oct 2026

അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ് ഭരണകൂടം രംഗത്ത്. പ്രമുഖ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റിനെതിരെ വൈറ്റ് ഹൗസ് കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. അമേരിക്കൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് പകരം വിദേശ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന നയം അനുവദിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

കഴിഞ്ഞ വർഷം മൈക്രോസോഫ്റ്റ് ഏകദേശം 6,000 അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ, അതേസമയം 6,300ലധികം എച്ച്-1ബി വീസകളും ഏകദേശം 3,000 ഗ്രീൻ കാർഡുകളും കമ്പനി കരസ്ഥമാക്കിയെന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ. പിരിച്ചുവിട്ട ഓരോ അമേരിക്കൻ പൗരന് പകരം ഒന്നര വിദേശ തൊഴിലാളികളെ വെക്കുന്ന ഈ സമ്പ്രദായം വഞ്ചനാപരമാണെന്നും, ഇത് അമേരിക്കൻ തൊഴിൽ സംസ്കാരത്തിന് വെല്ലുവിളിയാണെന്നും കടുത്ത വിമർശനമാണുള്ളത്.

ഗുരുതരമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ സഹായിക്കുന്ന പെർമ് (PERM) പ്രോഗ്രാമിൽ നിന്ന് മൈക്രോസോഫ്റ്റിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. മൈക്രോസോഫ്റ്റിന് പുറമെ അഡോബി, ഇൻഫോസിസ് തുടങ്ങി നിരവധി പ്രമുഖ ഐടി സേവന ദാതാക്കൾക്കെതിരെയും സമാനമായ കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News