നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇജാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണു മരിച്ചത്. കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു.
പുലർച്ചെയാണ് അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന ആഡംബര വാഹനം അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച 3 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. പാലക്കാട് സ്വദേശിയാണ് ഗോപിക. ദേവിക വയനാട്ടുകാരിയാണ്. കർണാടക സ്വദേശിയാണ് ഇജാസ്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.