മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഞ്ച് തൃണമൂൽ എംപിമാരേയും മമതയ്ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ സൗത്ത് അവന്യൂവിൽ പ്രതിഷേധിക്കവെയാണ് മമതയെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വായിൽ ബാൻഡേജ് ഒട്ടിച്ചായിരുന്നു മമതയുടെ പ്രതിഷേധം.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണ് പോലീസിന്റെ നടപടിയെന്ന് മമത പ്രതികരിച്ചു. പോലീസ് ബസിനുള്ളിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ സഖ്യം പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി. ഡെറിക് ഒബ്രിയൻ, ദോല സെൻ, പ്രതിമ മണ്ഡൽ, സാകേത് ഗോഖലെ എന്നിവരുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരാണ് മമതയ്ക്കൊപ്പം കസ്റ്റഡിയിലുള്ളത്.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ച നിരവധി പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥി നേതാക്കളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിന്റെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, സിപിഎം നേതാവ് കെ.എൻ. ബാലഗോപാൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.