മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചു പരിശോധിക്കുമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടി നേരിടുന്നതിൽ നിന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥയുടെ സാധുതയും പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷനെതിരായ ഹർജികളിൽ മറുപടി തേടി നോട്ടിസയച്ചു.
ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുൾപ്പെടെ തടഞ്ഞ് ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം ഹർജിക്കാർ ആവർത്തിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഏകപക്ഷീയമായി അല്ല തീരുമാനങ്ങൾ കൈക്കൊണ്ടത് എന്നു ബോധ്യപ്പെട്ടാൽ അവ റദ്ദാക്കുമെന്ന് ബെഞ്ചിലംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.
ഫോം 6ൽ ഭേദഗതി വരുത്തുന്നതിന് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് ബെഞ്ച് പ്രത്യേകം സൂചിപ്പിച്ചു. ഹർജിക്കാരിൽ ഒരാൾക്കായി ഹാജരായ മേനക ഗുരുസ്വാമി ഡൽഹിയിൽ എസ്ഐആർ നടത്തുന്ന രീതി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. രണ്ട് അധിക വ്യവസ്‌ഥകൾ ഫോം 6ൽ ചേർത്തു. പരിഷ്കരിച്ച ഫോം 6 ആണ് നൽകിയത്. ഈ രീതിയിൽ ഫോം 6 മാറ്റാൻ കഴിയില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിൽ വ്യക്തമാണെന്നും മേനക ഗുരുസ്വാമി പറഞ്ഞു. ഈ ഘട്ടത്തിലാണ് ഫോം 6ലെ മാറ്റത്തിന് തങ്ങളുടെ അംഗീകാരം ഇല്ലെന്ന് കോടതി എടുത്തു പറഞ്ഞത്.
നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പുകൾ കണ്ടാണ് രാജ്യം വളർന്നതെന്നും അതിപ്പോൾ സംഭവിക്കുന്നില്ലെന്നും മേനക ഗുരുസ്വാമി വാദിച്ചു. എസ്ഐആറിലൂടെ വോട്ടവകാശം ഭീഷണി നേരിടുകയും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്നതും മേനക ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ ഞങ്ങളും ഗൃഹപാഠം ചെയ്താണ് വരുന്നതെന്നും കേസിനെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.തിരഞ്ഞെടുപ്പു കമ്മിഷനിൽ തീരുമാനം കൈക്കൊള്ളുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾഒന്നിച്ചു പരിഗണിക്കാനായി മാറ്റി.