Drisya TV | Malayalam News

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

 Web Desk    4 Oct 2026

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മന്നാർ കടലിടുക്കിനും സമീപ തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങൾക്കും മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയുമാണ് മഴ കനക്കാൻ കാരണം. ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് സൂചന.ഈ സാഹചര്യത്തിൽ വിവിധ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, ഒക്ടോബർ 6 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് ഉള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് മഞ്ഞ അലർട്ട് നൽകുന്നത്. 

മന്നാർ കടലിടുക്കിനും സമീപ തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങൾക്കും മുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഈ ചക്രവാതച്ചുഴിയിൽ നിന്ന് വടക്കൻ തമിഴ്നാടും വടക്കൻ കേരളവും വഴി, മധ്യ കിഴക്കൻ അറബിക്കടൽ വരെ 0.9 കിലോമീറ്റർ ഉയരത്തിൽ ന്യൂന മർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. കേരളത്തിൽ 2026 ഒക്ടോബർ 4 മുതൽ 08 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 4 മുതൽ 06 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.ഒക്ടോബർ 4 മുതൽ 06 വരെയുള്ള വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News