Drisya TV | Malayalam News

2045-ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണ്ണമായി അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനം നടത്തി ജർമ്മനി 

 Web Desk    24 Sep 2026

2045-ഓടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണ്ണമായി അവസാനിപ്പിക്കുമെന്ന നിർണ്ണായക പ്രഖ്യാപനം നടത്തി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി. ഇതിന്റെ ഭാഗമായി 2030-ഓടെ രാജ്യത്തെ വൈദ്യുതോൽപ്പാദനത്തിലെ പുനരുപയോഗ ഊർജ്ജത്തിന്റെ വിഹിതം 55 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു. കാറ്റിൽ നിന്നുള്ള ഊർജ്ജ പദ്ധതികൾ വഴി 12 ജിഗാവാട്ട് (GW) അധിക ശേഷിയും, സൗരോർജ്ജം വഴി 215 ജിഗാവാട്ട് ശേഷിയും കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

2038-ഓടെ കൽക്കരി ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത ദശകത്തിൽ കൽക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന മുൻപ്രഖ്യാപനവും ജർമനി ആവർത്തിക്കുന്നു. സാധ്യമെങ്കിൽ ഈ നേട്ടം 2035ഓടെ കൈവരിക്കാനും ലക്ഷ്യമുണ്ട്.2021-ൽ ഒപ്പുവെച്ച ആഗോള മീഥെയ്ൻ ഉടമ്പടി പ്രകാരം 2030-ഓടെ മീഥെയ്ൻ വാതക ഉദ്വമനം 30 ശതമാനം കുറയ്ക്കുമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. ഫ്രാൻസിനും നെതർലൻഡ്‌സിനും ശേഷം ഫോസിൽ ഇന്ധന വിമുക്ത കർമ്മപദ്ധതി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ വികസിത രാജ്യമാണ് ജർമ്മനി. ഏപ്രിലിൽ കൊളംബിയയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ തുടർച്ചയായാണ് ഈ പ്രഖ്യാപനം.

  • Share This Article
Drisya TV | Malayalam News